Thursday, 16 July 2020

തുർക്കിയുടെ നടപടിയിൽ മാർപ്പാപ്പാ വേദനിക്കുന്നു!

തുർക്കിയിലെ ഇസ്താംബൂളിൽ മുസ്ലീം പള്ളിയായി (മോസ്ക്) പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്ന "ഹഗിയ സോഫിയ", അഥവാ, "വിശുദ്ധ സോഫിയ"

തുർക്കിയിലെ ഇസ്താംബൂളിൽ, ക്രൈസ്തവ കത്തീദ്രൽ ദേവലയാമായി പണികഴിപ്പിക്കപ്പെട്ട 1500 വർഷത്തോളം പഴക്കമുള്ള വിശുദ്ധ സോഫിയ ഒരിക്കൽക്കൂടി ഇസ്ലാം ആരാധനാലയമാക്കി മാറ്റുന്നു. സർക്കാരിൻറെ ഈ തീരുമാനത്തിൽ ഫ്രാൻസീസ് പാപ്പാ ഖേദം പ്രകടിപ്പിക്കുന്നു.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
തുർക്കിയിലെ ഇസ്താംബൂളിൽ വിശുദ്ധ സോഫിയായുടെ നാമത്തിലുള്ള പുരാതന ക്രൈസ്തവ കത്തീദ്രൽ ദേവാലയം വീണ്ടും മുസ്ലീം പള്ളിയാക്കി മാറ്റിയ സർക്കാർ നടപടിയിൽ മാർപ്പാപ്പാ അതീവ ദുഃഖം പ്രകടിപ്പിക്കുന്നു.
അന്താരാഷ്ട്ര സമുദ്ര ദിനം ആചരിക്കപ്പെട്ട ജൂലൈ 12-ന് ഞായറാഴ്ച (12/07/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിലാണ് ഫ്രാൻസീസ് പാപ്പാ ഈ കത്തീദ്രൽ ദേവാലയത്തിൻറെ കാര്യത്തിൽ തനിക്കുള്ള വേദന വെളിപ്പെടുത്തിയത്.
കടൽ  തന്നെ മാനസികമായി കുറച്ചകലേക്ക്, ഇസ്താംബൂളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്നും വിശുദ്ധ സോഫിയ കത്തീദ്രലിനെക്കുറിച്ചുള്ള ചിന്ത തന്നിൽ അതീവ വേദന ഉളവാക്കുന്നുവവെന്നും പാപ്പാ പറഞ്ഞു.
ഇക്കഴിഞ്ഞ പത്താം തീയതി, വെള്ളിയാഴ്ച,  (10/07/20) തുർക്കിയുടെ ഭരണകൂടം ഈ കത്തീദ്രൽ ദേവാലയം മുസ്ലീം പള്ളിയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് പാപ്പായുടെ ഈ ഖേദപ്രകടനം.

ഇസ്താംബൂളിൽ 537 മുതൽ 1453 വരെ ആദ്യം ഗ്രീക്ക് കത്തോലിക്കാസഭയുടെയും പിന്നീട് ഓർത്തഡോക്സ് സഭയുടെയും കത്തീദ്രലും , 1204-നും 1261-നും ഇടയ്ക്ക് റോമൻ കത്തോലിക്കാ കത്തീദ്രലും കുറെക്കാലം കോൺസ്റ്റൻറിനോപ്പിളിലെ പാത്രിയാർക്കേറ്റിൻറെ ആസ്ഥാനവും ആയിരുന്ന ഈ ദേവാലയം 1453-ൽ കോൺസ്റ്റാന്‍റിനോപ്പിൾ കീഴടക്കിയ ഓട്ടോമൻ തുർക്കികൾ മോസ്കാക്കി മാറ്റി. 1453 മെയ് 29 മുതൽ 1931 വരെ അത് മുസ്ലീം പള്ളിയായി ആയിരുന്നു.
എന്നാൽ 1935 ഫെബ്രുവരി 1-ന് ഈ കത്തീദ്രൽ ഒരു മ്യൂസിയമായി പരിവർത്തനം ചെയ്യപ്പെട്ടു. ഇപ്പോൾ വീണ്ടും മോസ്ക്കായി മാറുകയാണ് മുൻ സോഫിയ കത്തീദ്രൽ
ഐക്യരാഷ്ട്ര സംഘടനയുടെ വിദ്യഭ്യാസ സംസ്ക്കാരിക സംഘടയുടെ-യുനെസ്കൊയുടെ (UNESCO) ലോകപൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള ഹഗിയ സോഫിയയുടെ, അഥവാ, വിശുദ്ധ സോഫിയയുടെ പദവി ഏകപക്ഷീയമായി മാറ്റിയ തുർക്കിയുടെ നടപടിയിൽ പ്രസ്തുത സംഘടന അമർഷം രേഖപ്പെടുത്തി. 
തുർക്കിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് 350ഓളം ക്രൈസ്തവസഭകൾ ഉൾപ്പെടുന്ന സഭകളുടെ ലോകസമിതി (WCC- വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്) തുർക്കിയോട് ആവശ്യപ്പെട്ടു.

No comments:

Post a Comment