- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ അവലോകനം
സങ്കീര്‍ത്തനം
19-ന്‍റെ വിവിധ ഘട്ടങ്ങളിലൂടെയുള്ള പഠനത്തിന്‍റെ അവസാനഭാഗത്ത് നമുക്കിന്ന്
പൊതുവായ അവലോകനം ശ്രവിക്കാം. വരികളുടെ വ്യാഖ്യാനം, ആത്മീയ വിചിന്തനം
എന്നിവയിലൂടെ സൃഷ്ടിയുടെ സ്തുതിപ്പും ഒരു കൃതജ്ഞതാഗീതവുമായ ഈ
സങ്കീര്‍ത്തനത്തിന്‍റെ ഘടനയും, ഉള്ളടക്കവും സവിശേഷതകളും നാം
മനസ്സിലാക്കിയതാണ്. ഇപ്പോള്‍ ഈ പൊതുവായ അവലോകനത്തില്‍ മൂന്നു ചിന്തകളാണ്
പ്രധാനമായും പൊന്തിവരുന്നത്. അവ മൂന്നു വെളിപ്പെടുത്തലുകളായി ബൈബിള്‍
പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത് ശ്രവിക്കാം.
2. സൃഷ്ടിയിലെ ദൈവിക വെളിപ്പെടുത്തല്‍
ആദ്യമായി സൃഷ്ടി ദൈവത്തിന്‍റെ ദാനവും വെളിപ്പെടുത്തലുമാണ്. അതിനാല്‍
സങ്കീര്‍ത്തകന്‍ ഗീതത്തിന്‍റെ ആദ്യത്തെ 6 വരികളില്‍ സൃഷ്ടിയുടെ മനോഹാരിതയെ
സ്തുതിച്ചുകൊണ്ട് സകലരെയും സ്രഷ്ടാവായ ദൈവത്തെ പ്രകീര്‍ത്തിക്കുവാന്‍
ക്ഷണിക്കുന്നു (സങ്കീ. 19, 1-6). മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ പൊതുഭവനമായ ഈ
ഭൂമിയില്‍ നാം സാഹോദര്യത്തോടും സമാധാനപൂര്‍ണ്ണമായും ജീവിക്കുവാനുള്ള
മാര്‍ഗ്ഗമാണ് സൃഷ്ടിയോടുള്ള ആദരവും അത് ദൈവിക ദാനമാണെന്നുള്ള അവബോധവുമെന്ന്
19-Ɔο സങ്കീര്‍ത്തനം പഠിപ്പിക്കുന്നു.
3. കല്പനകളിലൂടെ വെളിപ്പെടുത്തുന്ന ദൈവം
രണ്ടാമതായി സൃഷ്ടിയുടെ സ്തുതിപ്പിന്‍റെ ഗീതത്തില്‍ സങ്കീര്‍ത്തകന്‍
ദൈവകല്പനകളെക്കുറിച്ചു പരാമര്‍ശിക്കുന്നു. പ്രാപഞ്ചികമായി എല്ലാം ഒരുക്കിയ
ദൈവം സൃഷ്ടിയുടെ മകുടമായി മനുഷ്യനെ സൃഷ്ടിക്കുകയും, തുടര്‍ന്ന് അവന്
ജീവിതനിയമങ്ങള്‍ കല്പനകളായി കാലക്രമത്തില്‍ നല്കുകയും ചെയ്തു. ദൈവജനമായ
ഇസ്രായേലിന്‍റെ ചരിത്രപശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ ഗീതം ദൈവകല്പനകളെ
അവിടുത്തെ സൃഷ്ടിപോലെതന്നെയുള്ള ആന്തരികമായ വെളിപ്പെടുത്തലായിട്ടാണ്
വരികള്‍ വര്‍ണ്ണിക്കുന്നത്. മനുഷ്യജീവിതം നീതിനിഷ്ഠവും സമാധാന
പൂര്‍ണ്ണവുമാക്കാന്‍ ദൈവം കല്പനകളിലൂടെ തന്നെത്തന്നെ മനുഷ്യനു
വെളിപ്പെടുത്തിത്തരുന്നത് പുറപ്പാടുഗ്രന്ഥം രേഖപ്പെടുത്തിയിരിക്കുന്നു
(സങ്കീ. 19, 7-11, പുറപ്പാട് 20, 2-17).
4. ദൈവം തരുന്ന രക്ഷയുടെ വെളിപാട്
മൂന്നാമതായി, സങ്കീര്‍ത്തനത്തിന്‍റെ അവസാനഭാഗത്ത് - മൂന്നുവരികളില്‍
അസ്തിത്വപരമായ സുസ്ഥിതിക്കായി ദൈവം തന്നെത്തന്നെ മനുഷ്യനു
വെളിപ്പെടുത്തിക്കൊടുക്കുന്നു. ജീവിതത്തില്‍ വഴിതെറ്റിപ്പോകുന്ന മനുഷ്യനെ
വീണ്ടും സ്രഷ്ടാവായ ദൈവം തന്നിലേയ്ക്കു വിളിക്കുന്നു. തെറ്റുകളില്‍നിന്നും
തന്നെ വിശുദ്ധീകരിക്കണമെന്നും, തിന്മയുടെ ആധിപത്യത്തില്‍നിന്ന് തന്നെ
മോചിക്കണമെന്നും സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. സ്രഷ്ടാവും
നിയമദാതാവും അഭയശിലയും വിമോചകനുമായ ദൈവമേ, എന്നെ അങ്ങേ സന്നിധിയില്‍
സ്വീകരിക്കണമേയെന്ന പ്രാര്‍ത്ഥനയോടെയാണ് സങ്കീര്‍ത്തകന്‍ വരികള്‍
ഉപസംഹരിക്കുന്നത് (സങ്കീ 19, 12-14).
സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയും...
ആലാപനം മരിയ ഡാവിനയും സംഘവും.
Musical Version of Ps 19 Unit One
കര്‍ത്താവിന്‍ കല്പനകള്‍ നീതിപൂര്‍ണ്ണം
ഹൃദയത്തിനവയെന്നും സമ്മാനം (2).
5. സൃഷ്ടി ദൈവത്തിന്‍റെ ദാനവും വെളിപ്പെടുത്തലും
സൃഷ്ടി
ദൈവത്തിന്‍റെ ദാനവും അവിടുത്തെ വെളിപ്പെടുത്തലുകളുമാണ്. ഭൂമിയും അത്
ഉള്‍പ്പെടുന്ന സൃഷ്ടപ്രപഞ്ചവും മൊത്തമായി പരിഗണിക്കുമ്പോള്‍,
മാനുഷികബുദ്ധിക്ക് അഗ്രാഹ്യമാംവിധം സങ്കീര്‍ണ്ണമാണത്. എന്നാല്‍ അവയ്ക്കു
പിന്നില്‍ പ്രവര്‍ത്തിക്കുന്ന, സര്‍വ്വത്തിനും കാരണക്കാരനായ ദൈവം
സൃഷ്ടിയുടെ ക്രമത്തിലൂടെ ആശ്ചര്യകരമാം വിധം അവിടുത്തെ മഹത്വമായും ദൈവിക
ദാനമായും സ്വയം വെളിപ്പെടുത്തുന്നത് സങ്കീര്‍ത്തനവരികള്‍ ഏറ്റുപാടുന്നു.
ആകാശവും ആകാശവിതാനവും ദൈവിക മഹിമാവിനെ വെളിപ്പെടുത്തുന്നു. മാറിമാറിവരുന്ന
പകലും രാത്രിയും, മഞ്ഞും മഴയും, വെയിലും വേനലും ശൈത്യവുമെല്ലാം ദൈവിക
വിജ്ഞാനത്തിന്‍റെ പ്രതീകമായി സങ്കീര്‍ത്തകന്‍ മനസ്സിലാക്കുകയും ഗീതത്തില്‍
വിവരിക്കുകയും ചെയ്യുന്നു.
6. പ്രകൃതിയുടെ പ്രതികാരം
ഇന്നു ലോകം നേരിടുന്ന മഹാമാരിയെ ഒരു പാരിസ്ഥിതിക കാഴ്ചപ്പാടില്‍
കാണുകയാണെങ്കില്‍, ദൈവം തന്ന പൊതുഭവനമായ ഭൂമിയെ മനുഷ്യന്‍ അശ്രദ്ധമായും
സ്വാര്‍ത്ഥമായും കൈയ്യടക്കിയതിന്‍റെ പ്രത്യാഘാതമാണ് ഈ ദുരന്തമെന്നത്
ശാസ്ത്രലോകം അംഗീകരിക്കുന്നുണ്ട്. പ്രകൃതിയെ നശിപ്പിച്ചുകൊണ്ടും
മലീമസമാക്കിക്കൊണ്ടും, ജൈവവൈവിധ്യങ്ങളുടെ വംശനാശം സംഭവിക്കുവോളം ഭൂമിയെ
ദുരുപയോഗംചെയ്തും കീഴ്പ്പെടുത്തിയും വെട്ടിവെളിപ്പിച്ചും മുന്നേറിയത്
നേട്ടവും വികസനവുമെന്നു നാം വിചാരിച്ചു.
മനുഷ്യര്‍ക്കു നേരെയുള്ള
പ്രകൃതിയുടെ തിരിച്ചടിയാണ് കാലാവസ്ഥാപരമായും, ആരോഗ്യപരമായും മനുഷ്യര്‍
ഇന്ന് അനുഭവിക്കുന്ന ദുരന്തങ്ങളെന്ന്, വൈകിയെങ്കിലും ശാസ്ത്രം
കണ്ടെത്തിക്കഴിഞ്ഞു. ജുന്തുലോകത്തെയും അവരുടെ സ്വൈര്യവാസത്തെയും നശിപ്പിച്ച
മനുഷ്യര്‍ ഇന്ന് സാര്‍സ്, മാര്‍സ്, എബോള, കോവിഡ്-19 എന്നിങ്ങനെയുള്ള
ജന്തുജന്യരോഗങ്ങള്‍ക്ക് അടിമയായി വലയുകയാണ്. അപ്പോഴും സഹസ്രാബ്ദങ്ങള്‍ക്കു
മുന്നേ കുറിച്ച സങ്കീര്‍ത്തന വരികള്‍ നമ്മെ ഇന്നും ഉദ്ബോധിപ്പിക്കുന്നത്
സ്രഷ്ടാവിനെ സ്തുതിച്ചും, സൃഷ്ടിയെ പരിരക്ഷിച്ചും, ആവശ്യത്തിന് ഉപയോഗിച്ചും
നന്ദിയുള്ളവരായി ഭൂമുഖത്ത് ജീവിക്കണമെന്നും, സഹജീവികളോടും
ജന്തു-സസ്യലോകത്തോടും പരിഗണനയുള്ളവരായി മനുഷ്യര്‍ സാഹോദര്യത്തില്‍
വസിക്കണമെന്നുമാണ്.
Musical Version : Psalm 19 Unit two
കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.
7. കല്പനകളുടെ ദൈവം
ചരിത്രത്തില്‍ മോശയ്ക്ക് ദൈവം സ്വയം വെളിപ്പെടുത്തിയ സംഭവം ഗീതത്തിന്‍റെ
വരികളില്‍ പ്രതിഫലിപ്പിക്കുന്നുണ്ട്, കാരണം സങ്കീര്‍ത്തകന്‍ ഇസ്രായേലിന്‍റെ
പുത്രനാണ്. ചരിത്രപുരുഷനായ മോശയിലൂടെ നല്കിയ 10 പ്രമാണങ്ങള്‍ ദൈവത്തിന്‍റെ
വെളിപ്പെടുത്തലുകളായി സങ്കീര്‍ത്തകന്‍ വരികളില്‍ ചൂണ്ടിക്കാണിക്കുന്നു.
അടിമത്വത്തില്‍നിന്നു മോചിപ്പിച്ച്, സ്വാതന്ത്ര്യം നല്കി വാഗ്ദത്ത
ഭൂമിയിലേയ്ക്ക് തന്‍റെ ജനത്തെ നയിച്ച ദൈവം കാലക്രമത്തില്‍ കണ്ടത്
വഴിതെറ്റിപ്പോവുകയും, ധിക്കാരപൂര്‍വ്വം സ്രഷ്ടാവും വിമോചകനും നിയമദാതാവുമായ
അവിടുത്തെ മറന്നുജീവിക്കുകയും ചെയ്ത ജനത്തെയാണ്. മനുഷ്യരുടെ
മനോഫലകങ്ങളില്‍ നന്മ-തിന്മയുടെ വിവേചനത്തിന്‍റെ മനഃസ്സാക്ഷി നല്കിയ ദൈവം,
തിരഞ്ഞെടുക്കപ്പെട്ട നേതാവായ മോശയ്ക്ക് തന്നെത്തന്നെ വെളിപ്പെടുത്തികൊണ്ട്,
ജനത്തിന് ജീവിതനിയമങ്ങള്‍ 10 കല്പനകളായി നല്കി. തന്നെതന്നെ നിയമദാതാവും
നീതിനിഷ്ഠനുമായി ദൈവം വെളിപ്പെടുത്തുന്നു.
8. കല്പന ലംഘിക്കുന്നവര്‍
ഇന്നു ലോകത്ത് നാം കാണുന്ന അനീതിയും അഴിമതിയും അക്രമവും തട്ടിപ്പും
നരഹത്യയുമെല്ലാം ലളിതമായ ഭാഷയില്‍ നിയമങ്ങളുടെ ലംഘനവും, ദൈവത്തെയും
സഹോദരങ്ങളെയും അവഗണിച്ചുള്ള ജീവിതവുമാണെന്ന് സങ്കീര്‍ത്തകന്‍ വരികളില്‍
ചൂണ്ടിക്കാണിക്കുന്നു. ഇന്നു പ്രകടമായി കാണുന്ന മതമൗലികവാദവും വംശീയവാദവും,
പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും അഭയാര്‍ത്ഥികളോടും സമൂഹം
കാണിക്കുന്ന അവഞ്ജയും അവഹേളനവും നിസംഗതയും ചൂഷണവും കാലികമായി
ദൈവികപദ്ധതിയോടും അവിടുത്തെ കല്പനകളോടും മനുഷ്യര്‍ കാണിക്കുന്ന
ബോധപൂര്‍വ്വമായ തെറ്റുകളായി സങ്കീര്‍ത്തനവരികള്‍ പഠിപ്പിക്കുന്നു.
Musical Version : Psalm 19 Unit three
കര്‍ത്താവിന്‍റെ കല്പനകള്‍ നീതിയുക്തമാണ്
അവ ഹൃദയത്തിനെന്നും ആനന്ദമേകുന്നു
കര്‍ത്താവിന്‍റെ പ്രമാണങ്ങള്‍ പാവനമാണ്
അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9. രക്ഷയിലേയ്ക്കുള്ള ദൈവത്തിന്‍റെ ക്ഷണം
സങ്കീര്‍ത്തനം 19-ന്‍റെ അവലോകനം അവസാനഭാഗം രക്ഷയുടെ വഴിയിലേയ്ക്കുള്ള
ക്ഷണമാണ്. വഴിതെറ്റിപ്പോയ മനുഷ്യകുലത്തെ ദൈവിക വഴികളിലേയ്ക്ക് തിരികെ
വിളിക്കുന്നതാണ് രക്ഷയുടെ വഴി. ദൈവത്തിന്‍റെ ആദ്യവെളിപ്പെടുത്തലായ സൃഷ്ടിയെ
നശിപ്പിക്കുകയും സ്വാര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്യുന്ന മനുഷ്യന് ദൈവം
കല്പനകള്‍ നല്കിയെങ്കിലും, കാലക്രമത്തില്‍ മനുഷ്യന്‍ അവയെല്ലാം
അവഗണിക്കുകയും തന്‍റേതായ വഴികളില്‍ ഗമിക്കുകയും ചെയ്യുന്നു.
10. ക്രിസ്തുവില്‍ തുറന്ന രക്ഷണീയ മാര്‍ഗ്ഗം
ചരിത്രത്തില്‍
രക്ഷയുടെ വെളിപ്പെടുത്തല്‍ യാഥാര്‍ത്ഥ്യമാകുന്നത് ക്രിസ്തുവിലാണ്.
ദൈവരാജ്യത്തിന്‍റെ സാന്നിദ്ധ്യം തന്നിലൂടെ ലോകത്തിന് ദൃശ്യനാക്കിയ
ക്രിസ്തു, തന്‍റെ വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും – അല്ലെങ്കില്‍
സുവിശേഷത്തിലൂടെ ദൈവപിതാവിന്‍റെ അളവറ്റ സ്നേഹവും കാരുണ്യവും
മനുഷ്യകുലത്തിന് വെളിപ്പെടുത്തിക്കൊടുത്തു. അവിടുന്ന് പാപികളും ബലഹീനരുമായ
മനുഷ്യര്‍ക്ക് രക്ഷയുടെ മാര്‍ഗ്ഗം തുറന്നുതന്നു. വഴിതെറ്റി അലയുന്നവര്‍ക്ക്
ക്രിസ്തു രക്ഷയുടെ വഴികള്‍ തുറന്നിടുകയും, തിരികെവരുവാന്‍
സന്മനസ്സുള്ളവര്‍ക്കായ് സ്നേഹസമ്പന്നനായ സ്വര്‍ഗ്ഗീയ പിതാവ് എന്നും
കാത്തിരിക്കുകയാണെന്ന് പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുവിന് ഒരായിരം
വര്‍ഷങ്ങള്‍ക്കു മുന്നേ (BC 1015 circa) രചിച്ച 19-Ɔο സങ്കീര്‍ത്തന
വരികളുടെ പ്രസക്തിയും പ്രാധാന്യവും ആത്മീയഭാവവും ഉള്‍ക്കൊണ്ടുകൊണ്ട്
ലളിതമായ ഈ അവലോകനം ഉപസംഹരിക്കുന്നു.
Musical Version : Psalm 19 Unit 4.
കര്‍ത്താവിന്‍റെ നിയമങ്ങള്‍ അവികലമാണ്
ആത്മാവിനവയെന്നും നവജീവനേകുന്നു
അവിടുത്തെ സാക്ഷ്യം വിശ്വാസ്യമാണ്
താഴ്മയുള്ളോരെ അത് വിജ്ഞരാക്കുന്നു.
- കര്‍ത്താവിന്‍
ദൈവഭക്തി നിര്‍മ്മലമാണ്
അതെന്നേയ്ക്കും നിലനില്ക്കുന്നു
കര്‍ത്താവിന്‍റെ വിധികള്‍ സത്യമാണ്
അവ തികച്ചും നീതിപൂര്‍വ്വകം.
- കര്‍ത്താവിന്‍ കല്പനകള്‍
വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തിന്‍റെ വചനവീഥി എന്ന ബൈബിള്‍ പഠനപരമ്പര.
അടുത്ത ആഴ്ചയില്‍ 30-Ɔο സങ്കീര്‍ത്തനത്തിന്‍റെ പഠനം ആരംഭിക്കും (ഭാഗം ഒന്ന്).