ജോയി കരിവേലി, വത്തിക്കാൻ സിറ്റി
അസാധാരണ അവസ്ഥകളോടു നൂതനവും വ്യത്യസ്തവുമായ രീതിയിൽ പ്രത്യുത്തരിക്കുന്നതിന് സമൂഹത്തിൻറെ മുറിവുകളും സജീവമായ ജീവകാരുണ്യപ്രവർത്തനങ്ങളിൽ രചനാത്മക കരങ്ങളും കാണാൻ അറിയുന്ന ഒരു ഹൃദയം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് മാർപ്പാപ്പാ.
പാപ്പായുടെ ഉപവിപ്രവർത്തനങ്ങളോടു രചനാത്മകമായി സഹകരിക്കുന്ന റോം രൂപതയിലെ വിശ്വാസികളുടെ ഒരു സംഘടനായ “വിശുദ്ധ പത്രോസിൻറെ വലയം” എന്നു വിവർത്തനം ചെയ്യാവുന്ന “ചീർകൊളൊ ദി സാൻ പീയെത്രൊ”യുടെ (Circolo di San Pietro) നൂറോളം പ്രതിനിധികളെ വെള്ളിയാഴ്ച (25/09/20) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.
ഈ സംഘടനയുടെ മുദ്രാവാക്യത്തിൽ അടങ്ങിയ മൂന്നു വാക്കുകൾ, അതായത്, പ്രാർത്ഥന, പ്രവർത്തനം, ത്യാഗം” എന്നീ പദങ്ങൾ ഈ സംഘടനയുടെ ജീവിതം അധിഷ്ഠിതമായിരിക്കുന്ന മൂന്നു തത്വങ്ങളാണെന്ന് പാപ്പാ പറഞ്ഞു. ഇവയിൽ പ്രാർത്ഥനയെക്കുറിച്ച് കഴിഞ്ഞ വർഷം കൂടിക്കാഴ്ചാവേളയിൽ പരിചിന്തനം ചെയ്തതിനെപ്പറ്റി സൂചിപ്പിച്ച പാപ്പാ ഇത്തവണ ഊന്നൽ നല്കിയത് പ്രവർത്തനത്തിനാണ്.
കോവിദ് 19 മഹാമാരിയുടെതായ ഈ കാലഘട്ടത്തിൽ ഉപവിപ്രവർത്തനത്തിൻറെ രീതിയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഈ സംഘടന ആഹ്വാനംചെയ്യപ്പെട്ടിരിക്കുന്നുവെന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.
ദരിദ്രർക്ക് ഹൃദയം നല്കലാണ് കാരുണ്യപ്രവർത്തനാനുഭവം എന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
ഭൗമിക ദാരിദ്ര്യം, മാനവിക ദാരിദ്ര്യം, സാമൂഹ്യ ദാരിദ്ര്യം എന്നിവ ഇന്ന് കാണപ്പെടുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ ആദ്യം ചെയ്യേണ്ടത് ദാരിദ്ര്യത്തിൻറെ നൂതന രൂപങ്ങൾ ഏവയെന്ന് തിരിച്ചറിയുകയാണെന്ന് പറഞ്ഞു.
ഹൃദയനയനങ്ങൾ കൊണ്ടു നോക്കി അവയെ തിരിച്ചറിയുക നമ്മുടെ ദൗത്യമാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
അപരൻറെ ജീവിതം ഹൃദയത്തിൽ പേറണമെങ്കിൽ മനുഷ്യൻറെ മുറിവുകളെ ഹൃദയം കൊണ്ട് നോക്കാൻ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു.
നാം വസിക്കുന്നിടത്തെ ദാരിദ്ര്യം എന്താണെന്ന് ഒരിക്കൽ മനസ്സിലാക്കി കഴിഞ്ഞാൽ പിന്നെ വേണ്ടത് കരങ്ങളുടെ സർഗ്ഗഭാവനയാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
കാരുണ്യത്തിന് ഇടമില്ലെന്നു തോന്നുന്ന ഒരു ലോകത്തിൽ എതിർ ദിശയിൽ സഞ്ചരിക്കേണ്ടതിന് നാം ആദ്യം ചെയ്യേണ്ടത് ദൈവത്തിൻറെ കാരുണ്യത്തിൻറെ ശക്തി നേരിട്ടനുഭവിച്ചറിയുകയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.
ഈ അനുഭവത്തിന് ഏറ്റം സവിശേഷ വേദി അനുരഞ്ജന കൂദാശയാണെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
No comments:
Post a Comment